Monday, 28 November 2016
Monday, 7 November 2016
ഓർമ്മക്കുറിപ്പുകളിലൂടെ ....
by Shanu Prasad(JNVM Alumni)
അവധിക്കാലം കഴിഞ്ഞ് വീട്ടിൽ നിന്ന്
വരുമ്പോൾ കാരാതോട് ബസ് ഇറങ്ങുമ്പോൾ
തൊട്ട് തുടങ്ങുന്നതാണ് ആ പട
പടാ മിടിപ്പ് .by Shanu Prasad(JNVM Alumni)
റസീന ഹോട്ടലിൽ നിന്ന് ചായ കുടിക്കാൻ കയറുമ്പോഴൊന്നും ശ്രദ്ധ ചായ കുടിയിൽ ആയിരുന്നില്ല, സ്കൂളിന്റെ ബോർഡുള്ള ആ മഞ്ഞ ഗേറ്റ് മാത്രമായിരിക്കും മനസ്സിൽ.
ചായ കുടിച്ചു എന്ന് വരുത്തി, അച്ഛന്റെ കൂടെ ഓട്ടോയിൽ കയറാൻ പോകുമ്പോൾ,
മിടിപ്പ് ഒന്നുകൂടി കൂടും..
ഊഴം കാത്ത് ഓട്ടോയിൽ കയറി, വണ്ടി സ്റ്റാർട്ടാക്കുമ്പോൾ
ഒന്നും ഓർക്കാൻ കഴിയൂല....
ഓട്ടോക്കാരൻ വേഗത കൂട്ടുമ്പോൾ, അറിയാതെ മനസ്സിൽ പറഞ്ഞു പോകും - ഒന്നു പതുക്കെ ഓടിച്ചിരുന്നെങ്കിൽ എന്ന്.
കോട്ടുമലയിലേക്കുള്ള റോഡിന്റെ അവിടെയെത്തുമ്പോഴേക്കും നവോദയയുടെ അടുത്തുള്ള ടവർ കാണാനാകും,
ഒരു വളവ് കഴിഞ്ഞ് കയറ്റം തീരുമ്പോഴേക്കും ഊരകം മല കാണാം.
അപ്പോഴേക്കും ചങ്കിലെ പെടപ്പ് ഒന്നൂടെ കൂടും...
വെങ്കുളത്തെത്തുമ്പോൾ കാണാം. ചിലരെല്ലാം ഒരു കൊല്ലത്തേക്കുള്ള സാധനങ്ങൾ വാങ്ങി കൂട്ടുന്നത്.
എന്തിനാണാവോ ഇത്രയൊക്കെ സാധനങ്ങൾ ...ആവോ..
ഓട്ടോയുടെ വേഗത ഇത്തിരി കുറഞ്ഞിരിക്കുന്നു:
ഗേറ്റ് എത്തി.
ജവഹർ നവോദയ വിദ്യാലയ, മലപ്പുറം..
ഇനി ഒരു നാലഞ്ച് മാസം ഇവിടെ തന്നെ ...
വർഷങ്ങൾക്കിപ്പുറം ഇന്നലെ വീണ്ടും പോയപ്പോൾ മാറ്റങ്ങൾ ഒരുപാടാണ്.
കാരാതോടിലെ ആ പഴയ റസീന ഹോട്ടൽ അതുപോലെ തന്നെ ഉണ്ട്.
റോഡുകൾ നല്ല മൊഞ്ചായിട്ടുണ്ട്.
സ്കൂളിന്റെ മതിൽ ചാടി പഴംപൊരി തിന്നാൻ പോയിരുന്ന കോട്ടുമല ഇപ്പോഴും പഴയ പ്രതാപം ഓർമ്മിച്ചു കൊണ്ട് അവിടെ തന്നെ ഉണ്ട്.
അങ്ങോട്ടേക്ക് ഉള്ള റോഡുകൾ അടിപൊളിയാക്കിയിട്ടുണ്ട്.
കയറ്റം കയറി വരുമ്പോൾ ഉണ്ടായിരുന്ന ഒഴിഞ്ഞ പറമ്പിൽ ഇപ്പോൾ ഏതോ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്.
അതിനു പിറകിലായി പാറകളിൽ കൂടി വെള്ളം ഒലിച്ചിറങ്ങിയിരുന്ന ഊരകം മലയെ മുഴുവൻ പാറമടകളുടെ രൂപത്തിൽ തുരന്നെടുക്കുകയാണ് ഇപ്പോൾ.
ഒന്നുരണ്ട് ബാർബർ ഷോപ്പുകളും, വിരലിലെണ്ണാവുന്ന സ്റ്റേഷനറി കടകളും ഹോട്ടലുകളും ഉണ്ടായിരുന്ന വെങ്കുളത്ത് ഇപ്പോൾ എല്ലായിടത്തും കടകളാണ്. തുണിക്കടകൾ വരെ ഉണ്ട്. മൊബൈൽ ഫോണിനൊട് പിടിച്ച് നിൽക്കാൻ പറ്റാതെ അടിയറവ് പറഞ്ഞതിനാലാവാം,
അത്യാവശ്യങ്ങളിൽ അടുത്ത വീട്ടിലെ ലാന്റ് ഫോണിലേക്ക് വിളിക്കാൻ നമ്മൾ പോയിരുന്ന ആ പഴയ ടെലിഫോൺ ബൂത്ത് മാത്രം അവിടെ കണ്ടില്ല.
സ്കൂളിന്റെ മതിലിൽ ആ പഴയ ബോർഡു തന്നെ..
സെക്യൂരിറ്റി ബാലേട്ടനല്ല
പുതിയ ആളാണ്.
പണ്ടുണ്ടായിരുന്ന ആ ചെടികൾ എല്ലാം വളർന്ന് പന്തലിച്ചിരിക്കുന്നു.
നെഹ്രുവിന്റെ ആ പ്രതിമ തലയുയർത്തി നിൽക്കുന്നു.
ആകെ ഒരു പച്ചപ്പ് നിറഞ്ഞിരിക്കുന്നു.
ഒരു മൊട്ടക്കുന്നായിരുന്നു എന്നതിന്റെ ലക്ഷണങ്ങൾ എങ്ങും തന്നെയില്ല.
ആകെ മാറിയിരിക്കുന്നു.
ഗ്രൗണ്ടിലേക്കിറങ്ങുന്നതിന്റെ അവിടെ ഒരു പുതിയ ആൽമരം വളർത്തിയിട്ടുണ്ട്. മുന്നിലൊരു ബുദ്ധന്റ പ്രതിമയും.
പഴയ ടീച്ചേഴ്സിൽ ഇനി ബിനു സാറും, പ്രേംകുമാർ സാറും മാത്രമെ ഇനി ട്രാൻസ്ഫർ ആകാൻ ബാക്കിയുള്ളൂ.
ശിവാലിക്ക് ഹൗസിന്റെ മുൻപിലെ മഞ്ഞ മുള വലുതായിരിക്കുന്നു.
രാത്രിയിൽ റോൾ കോൾ എടുക്കുന്ന സ്ഥലത്തെ ആ പഴയ ടാങ്ക് പൊട്ടിപ്പൊളിഞ്ഞ ഓർമ്മകളും പേറി അവിടെ തന്നെയുണ്ട്.
കുട്ടികൾ അങ്ങിങ്ങായി കളിച്ച് നടക്കുന്നുണ്ട്.
മെസ്സിൽ പഴയ രവിയേട്ടനും സിറിയക്കേട്ടനും ഒക്കെ ആയതു കൊണ്ടാവാം, സോയാബീൻ കറിക്ക് പണ്ടത്തെ അതേ രുചി തന്നെ.
ഉള്ളിൽ ഇപ്പോഴും ആ പഴയ ആറാം ക്ലാസ്സുകാരൻ ഓടിക്കളിക്കുന്നുണ്ട്.
അത് അങ്ങനെ നവോദയ മുഴുവൻ കറങ്ങി നടക്കുവാണ്.
എനിക്ക് നവോദയ വെറുമൊരു നൊസ്റ്റാൾജിയ അല്ല.
അതൊരു വികാരമാണ്.
ഇവിടെ ഞാൻ പഠിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ , എനിക്കിഷ്ടം
ഇവിടെ ഞാൻ ജീവിച്ചിരുന്നു എന്ന് പറയാനാണ്.,.
ഞാൻ കാത്തിരിക്കുന്നു; മറ്റൊരു തിരിച്ചു വരവിനായി .
Subscribe to:
Posts (Atom)